സരോജ്‌കുമാര്‍: ശ്രീനിവാസനും മോഹന്‍ലാലും പിന്നെ ആന്റണി പെരുമ്പാവൂരും
മലയാള നാടകം ജനപ്രിയ ചേരുവകളുടെ വൃത്തികെട്ട അവതരണങ്ങളുടെയും മിഥ്യാധാരണകളുടെയും അസഹനീയമായ ആവര്‍ത്തനങ്ങളായ മാറിയ സാഹചര്യത്തിലാണ് 1984ല്‍ മുന്‍ഷി രാമക്കുറുപ്പ് ചക്കീചങ്കരം എന്ന നാടകം എഴുതിയത്. അന്നത്തെ നാടകങ്ങളെ പരിഹസിക്കുന്ന ചക്കീചങ്കരം നാടക കുലപതികളായി നടിക്കുന്ന ഒറ്റയാന്മാര്‍ക്ക് കനത്ത ആഘാതമായാണ് അവതരിപ്പിക്കപ്പെട്ടത്.
നിരവധി ദശകങ്ങള്‍ക്കിപ്പുറം മലയാള സിനിമ എല്ലാ അര്‍ത്ഥത്തിലും മാലിന്യക്കൊട്ടകയായിമാറുന്ന സാഹചര്യത്തിലേക്ക് എത്തുമ്പോഴാണ് ശ്രീനിവാസന്‍ എന്ന ബുദ്ധിമാനായ തമാശക്കാരന്‍ പദ്‌മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രവുമായി എത്തുന്നത്.
ആഫ്രിക്കയില്‍ മാത്രം കാണുന്ന കറുത്ത ഹാസ്യം
ഉദാത്തമായ സിനിമകളുടെ ആന്തര്‍ധാരകളല്ല സരോജ് കുമാറിനെ നയിക്കുന്നത്. സമകാലിക കേരള സാഹചര്യവും എല്ലാത്തിലുമുപരിയായ മലയാള സിനിമയുടെ ദുരന്തഅവസ്ഥയെയും കറുത്ത ഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. ചിത്രത്തില്‍ സരോജ് കുമാര്‍ പറയുന്നതുപോല ആഫ്രിക്കയില്‍ കണ്ടുപിടിച്ച പ്രത്യേക തരം ഹാസ്യമാണല്ലോ കറുത്ത ഹാസ്യം. അതുകൊണ്ട് തന്നെ ശ്രീനിവാസന്റെ കറുത്ത ഹാസ്യം ഇവിടുത്തെ വരേണ്യ-സമ്പന്ന ചലചിത്രകാരന്മാര്‍ക്കും വിധേയത്വം ജൈവികാവസ്ഥയായി കൊണ്ടുനടക്കുന്ന ആസ്വാദക-നിരൂപക വൃന്ദങ്ങള്‍ക്കും ഏല്‍പ്പിക്കുന്ന ആഘാതം ചെറുതാകില്ല.
ഗേറ്റില്‍ മൂത്രമൊഴിച്ചവനെ അങ്ങ് നിരോധിച്ചുകള!
ആട്ടവും പാട്ടും അടിയും നായകഭക്തിയും അടങ്ങിയ സൂപ്പര്‍ താരചിത്രങ്ങളും രാജഭക്തി പ്രധാന അജണ്ടയായി കൊണ്ടുനടക്കുന്ന സംഘടനാ മാടമ്പിമാരും അനുചര വൃന്ദങ്ങളും അപഹസിക്കപ്പെടേണ്ടവര്‍തന്നെയാണ്. സമീപകാലത്ത് എതിര്‍ശബ്ദങ്ങളെ മുഴുവനും ഇല്ലാതാക്കന്‍ പുറപ്പെടുന്ന ആളുകളെ മുഴുവന്‍ ബാന്‍ (നിരോധനം)ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ട സംഘടനകള്‍ എല്ലാമേഖലയിലുമെന്നതുപോലെ സിനിമാരംഗത്തും ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു.
സംവിധായകനെയും അഭിനേതാവിനെയും മാത്രമല്ല ഗേറ്റില്‍ മൂത്രമൊഴിക്കുന്ന വഴിപോക്കനെ പോലും ബാന്‍ ചെയ്‌തുകളയുന്ന സംഘടനകള്‍ക്ക് നേരെ ശ്രീനിവാസനും സംവിധായകന്‍ സജിന്‍ രാഘവനും കനത്ത അടിയാണ് ചിത്രത്തിലൂടെ നല്‍കുന്നത്.
സമകാലികസംഭവങ്ങളെ കൃത്യമായ കാഴ്‌ചപ്പാടോടുകൂടി ആക്രമിക്കുന്ന ശ്രീനിവാസന്റെ തൂലിക സരോജ്‌കുമാറിലൂടെ അന്തിമമായി സിനിമ തന്നെ വിജയിക്കും എന്ന പ്രഖ്യാപനമാണ് നടത്തുന്നത്. സരോജ്‌് കുമാറില്‍ മോഹന്‍ലാലിന്റെയോ മറ്റേതെങ്കിലും താരത്തിന്റെയോ ഛായ ആരോപിച്ച് പരിമിതപ്പെടുത്തുന്നവര്‍ ഈ ചിത്രത്തെ ചെറുതാക്കിക്കാണുകയാണ്. എന്താണ് ഇന്നത്തെ മലയാള സിനിമയുടെയും കേരളീയ സമൂഹത്തിന്റെയും പ്രസക്തിയെന്ന് സരോജ് കുമാര്‍ വ്യക്തമാക്കിത്തരുന്നുണ്ട്.
പുരസ്‌കാരങ്ങളുടെ സരോജ്‌കുമാര്‍
പദ്‌മശ്രീയും അവാര്‍ഡുകളും ഡിലിറ്റുകളും സ്വന്തമാക്കാന്‍ പ്രാണനും സമ്പത്തും കൊണ്ട് ഓടുന്ന വ്യക്തിത്വങ്ങള്‍ കേരള സമൂഹത്തിലെ സ്ഥിരം കാഴ്‌ചയാണ്. നേരത്തെ പ്രാഞ്ചിയേട്ടന്‍ പോലുള്ള ചിത്രങ്ങളില്‍ ഇക്കാര്യങ്ങള്‍ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിച്ചുണ്ടെങ്കിലും സരോജ്‌കുമാര്‍ പ്രാഞ്ചിയേട്ടന്റെ മൂര്‍ത്തരൂപമായി വിമര്‍ശനത്തിന്റെ തീവ്രബോംബാകുകയാണ്. അതേസമയം മേജര്‍ പദവിക്ക് വേണ്ടി പട്ടാളക്കാരനൊപ്പം ഓടാനാകാതെ തളര്‍ന്നിരിക്കുന്ന സരോജ്‌കുമാര്‍ ജീര്‍ണിച്ച മറ്റൊരുമുഖമാണ് വരച്ചുകാട്ടുന്നത്.
അഴീക്കോട് മുതല്‍ ആനക്കൊമ്പ് വരെ
തിലകന്‍ എന്ന അതുല്യനടന് ഏര്‍പ്പെടുത്തിയ വിലക്കും അഴീക്കോടും മോഹന്‍ലാലും തമ്മിലുണ്ടായിരുന്ന വാക്‌പയറ്റും കേരളീയ സമൂഹം വന്‍പ്രാധാന്യമാണ് നല്‍കിയിരുന്നത്. സാംസ്‌കാരിക നായകന് മതിഭ്രമമാണെന്ന പ്രസ്‌താവനയിലൂടെ സരോജ്‌കുമാര്‍ അകപ്പെടുന്ന കുരുക്ക് സമകാലിക സംഭവങ്ങളിലേക്ക് കാഴ്‌ചക്കാരനെ എത്തിച്ചാല്‍ അതിശയിക്കേണ്ടതില്ല. അത് ഏതെങ്കിലും ഒരുതാരത്തെ കളിയാക്കുന്നതിന് വേണ്ടിയുള്ള ശ്രമമായി വ്യാഖ്യാനിക്കുന്നത് സംശയകരമാണ്.
ഇന്‍കം ടാക്‌സ് റെയ്‌ഡിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ആനക്കൊമ്പ് കണ്ടെത്തിയപ്പോള്‍ സരോജ്‌കുമാര്‍ നടത്തിയ അഭ്യര്‍ത്ഥന പൊങ്ങച്ചത്തിന്റെ ദുഷിച്ച മുഖമാണ് കാട്ടിത്തരുന്നത്.
'ഇത് വെറും കാളക്കൊമ്പാണ്. പുറത്തുപറയുമ്പോള്‍ സരോജ്‌കുമാറിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടിച്ചുഎന്ന് തന്നെ പറയണേ...'
സരോജിന്റെ വിഡ്‌ഢിത്തങ്ങള്‍, മലയാളിയുടെയും..
പ്രബുദ്ധസമൂഹം എന്നൊക്കെ പറയുമ്പോള്‍ തന്നെ മലയാളികളുടെ ബുദ്ധിനിലവാരം പലപ്പോഴും സംശയിക്കപ്പെടേണ്ടതുതന്നെയാണ് എന്ന് ശ്രീനിവാസന്‍ നിഗമനത്തിലെത്തുന്നു. ഒരര്‍ത്ഥത്തില്‍ പലപ്പോഴും ശരിയായി വിശകലനം ചെയ്യപ്പെടേണ്ട നിഗമനമായി അത് മാറുന്നു.
പത്തും ഇരുപതും ആളുകളെ രണ്ട് കൈ മാത്രം ഉപയോഗിച്ച് അടിച്ചിടുന്നതാരത്തിന്റെ അഭിനയ മികവിനെ പുകഴ്‌ത്തുകയും താരാരാധനയിലേക്ക് വഴിതെറ്റുകയും ചെയ്യുന്ന മലയാളി സമൂഹത്തെ കണക്കറ്റ് കളിയാക്കുന്നുണ്ട് സരോജ്‌കുമാര്‍. താന്‍ വിഡ്‌ഢിയാണെന്ന വിമര്‍ശനത്തെ ഖണ്ഡിക്കുന്ന സരോജിന്റെ ഈ സംഭാഷണം തന്നെ മതി.
''എടോ, കെട്ടുകമ്പി ഉപയോഗിച്ച് കെട്ടിവലിക്കുന്ന ഞാന്‍ വായുവില്‍ പറന്ന് പത്തും ഇരുപതും പേരെ അടിച്ചിടുന്ന സീന്‍ കണ്ട് കൈയടിക്കുന്ന ആസ്വാദകരല്ലെടോ വിഡ്‌ഢികള്‍?''
പരസ്യചിത്രങ്ങളുടെ സ്വന്തം താരങ്ങള്‍
മുണ്ടിന്റെയും ബനിയന്റെയും പാനീയങ്ങളുടെയും പരസ്യങ്ങളില്‍ പണം മാത്രം ലക്ഷ്യം വച്ച് ഒരുധാര്‍മികതയുമില്ലാതെ ഇറങ്ങിത്തിരിക്കുന്ന താരങ്ങളുടെ കാഴ്‌ചപ്പാട് നിരവധി തവണ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കാവാലം ജെട്ടിയുടെ മുദ്രാവാക്യവുമായി സരോജ് എത്തുന്നതും ഇതിന്റെ തുടര്‍ച്ചയാണ്.
അസഹിഷ്‌ണുതയുടെ അവതാരങ്ങള്‍
നല്ലകാര്യങ്ങള്‍ പറയുക, ദൈവമാണ് എല്ലാം നിശ്ചയിക്കുന്നത്. എല്ലാം പോസിറ്റീവായി എടുക്കുക. സംഭവിക്കുന്നതെല്ലാം നല്ലതിന് തുടങ്ങി സ്ഥിരം വാക്കുകള്‍ ഉപയോഗിച്ച് നിര്‍ഗുണപരബ്രഹ്മങ്ങളായി തന്റെ സുരക്ഷിതത്വം മാത്രം മുന്‍നിര്‍ത്തി കാര്യങ്ങള്‍കാണുന്നവര്‍ സമൂഹത്തിന് ഒരു ഭാരമാണ്.
എന്ത് വിഷയത്തിലും പോസിറ്റീവ് നിലപാട് എന്ന വ്യാജേന പിന്തിപ്പന്‍ വര്‍ത്തമാനങ്ങള്‍ പറയുന്നവര്‍ക്ക് സരോജ്‌കുമാര്‍ കൃത്യമായ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അഴിമതിക്കും ക്രമവിരുദ്ധമായ ഭരണകൂട ഇടപെടലിനുമെതിരെ പ്രതികരിക്കുന്ന മാധ്യമപ്രവര്‍ത്തനങ്ങള്‍ നെഗറ്റീവ് വാര്‍ത്തയെന്ന് വ്യാഖ്യാനിക്കുന്നത് സെലിബ്രിറ്റികളുടെ ഒരു ശീലമാണ്. മറ്റുതാരങ്ങളെ പ്രത്യക്ഷത്തില്‍ പുകഴ്‌ത്തുകയും ഉള്ളിലിരുന്ന് പാരവെയ്‌ക്കുകയും ചെയ്യുന്നതിനെതിരെ ചിത്രം ഇടപെടുന്നുണ്ട്.
ബാലകൃഷ്‌ണപ്പിള്ള ഫോണ്‍ഉപയോഗിച്ചതിനെതിരായ വാര്‍ത്തകളെയും തുടര്‍സംഭവങ്ങളെയും കുറിച്ച് സരോജ്‌കുമാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ സമകാലിക സംഭവങ്ങളുടെ വിമര്‍ശനാത്മകമായ ഇടപെടലാണ്. ഒരു പാവം നേതാവിനെ ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്‌ത് പറ്റിച്ചില്ലേ നിങ്ങള്‍ ... എന്ന് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സരോജ് കുമാര്‍ നടത്തുന്ന പ്രസ്‌താവന ശ്രദ്ധേയമാണ്. അതേ സമയം സിനിമയില്‍ താരങ്ങളുടെ കൂടെ കൂടി വന്‍കിട നിര്മാതാക്കളായവര്ക്കും സിനിമയുടെ മൂത്തപ്പനായി നടിക്കുന്നവര്‍ക്കും ചിത്രം മുന്നറിയിപ്പ് നല്‍കുന്നു. അത് ജീര്‍ണതയുടെ ഒരുമുഖം മാത്രം. എന്നാല്‍ പച്ചാളം ഭാസിയെ ആന്റണി പെരുമ്പാവൂരായി തെറ്റിദ്ധരിക്കേണ്ടതില്ല.
മലയാള സിനിമയുടെ ചക്കീചങ്കരം
മലയാള സിനിമയുടെ ചക്കീചങ്കരം ആണ് സരോജ്‌കുമാര്‍ എന്ന ചലചിത്രം. വിവാദങ്ങളും അപവാദങ്ങളും ഒഴിവാക്കി സത്യസന്ധമായി സിനിമകളാണുന്ന ആസ്വാദകനെ ഇരുത്തിച്ചിന്തിപ്പിക്കുന്നവിമര്‍ശനങ്ങള്‍ക്കാണ് ശ്രീനിവാസന്‍ തീ കൊളുത്തിയത്. ഉദാത്തമായ ചലചിത്രത്തിന്റെ ദാര്‍ശനിക പ്രതിസന്ധികള്‍ തേടിപ്പോകാതെ സാധാരണമനുഷ്യനായി സിനിമകാണാനിരിക്കുന്നവര്‍ ശ്രീനിവാസന് ഒന്ന് കൈകൊടുക്കുക തന്നെ ചെയ്യും. ശ്രീനിവാസന്റെ ഈ വാക്കുകള്‍ കൂടി കുറിച്ച് അവസാനിപ്പിക്കാം.
'സിനിമയുടെ ചോരകുടിച്ച് ഇനിയും ഇവിടെ സരോജ്‌കുമാറുമാര്‍ ഉണ്ടാകും. സൂപ്പര്‍സ്റ്റാറുകള്‍ ഈയാംപാറ്റകളെ പോലും വരും പോകും. പക്ഷേ സിനിമ എന്നും ഉണ്ടാകും. സര്‍ഗശേഷിയുള്ളവരുടെ കൈകളിലൂടെ സിനിമ മുന്നോട്ട് പോകും.'